ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയകാലത്ത് സവര്‍ണമേധാവിത്വം കൊടികുത്തി വാണിരുന്ന പ്രദേശമായിരുന്നു ഇന്നറിയപ്പെടുന്ന പുല്‍പ്പറ്റ പഞ്ചായത്തിന്റെ പല ഭാഗങ്ങളും. അക്കാലത്ത് ജനവിഭാഗങ്ങളിലധികവും ശാലിയന്മാരും, ചെട്ടിയന്മാരും മറ്റു കുലതൊഴില്‍ എടുത്ത് ജീവിച്ചിരുന്നവരും ആയിരുന്നു. ടിപ്പുവിന്റെ വരവോടെയാണ് സാമൂഹികഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടായത്.പഴയകാലത്തെ കാര്‍ഷികചരിത്രം പരിശോധിക്കുമ്പോള്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പല ഭാഗങ്ങളിലും വന്‍ തോതില്‍ നെല്ലുല്‍പാദിപ്പിച്ചിരുന്നതായി കാണാന്‍ കഴിയും. ഒരുപൂ, ഇരുപൂ, മുപ്പൂ നിലങ്ങള്‍ പാട്ട വ്യവസ്ഥയില്‍ ആയിരുന്നു കുടിയാന്മാര്‍ കൃഷി ചെയ്തിരുന്നത്. വിദ്യാഭ്യാസപരമായി ആദ്യകാലങ്ങളില്‍ സവര്‍ണ കുടുംബങ്ങളില്‍ സംസ്കൃതപഠനം സജീവമായിരുന്നു. പിന്നീട് കുടിപള്ളിക്കൂടങ്ങള്‍ നിലവില്‍ വരികയും, മലയാള പഠനം ആരംഭിക്കുകയും ചെയ്തു.. പഴയകാലത്ത് ഊടുവഴികള്‍ അഥവാ ഊരുവഴികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.1963 കാലം തൊട്ട് ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വായനശാലകള്‍ ഉണ്ടായി. പുല്‍പറ്റ, തൃപ്പനച്ചി പാലക്കാട് എന്നിവിടങ്ങളിലുള്ള വായനശാലകള്‍ എടുത്തു പറയേണ്ടവയാണ്. സാഹിത്യരംഗത്ത് പ്രഗത്ഭമതികളായവരുടെ കൂട്ടത്തില്‍ തേലപ്പുറത്ത് നാരായണന്‍ നമ്പീശന്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ട ആളാണ്. വൈജ്ഞാനികരംഗത്തും ഭൌതികസൌകര്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലായിരുന്നങ്കിലും ഗ്രാമീണത്തനിമയോടെ വിവിധ ജാതിമത വിഭാഗങ്ങള്‍ സാഹോദര്യത്തോടെ സഹവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക പൈതൃകം ഈ പ്രദേശത്തിനുണ്ട്. ഓരോ മതവിഭാഗത്തിന്റെയും ആഘോഷങ്ങളില്‍ എല്ലാവിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. ഹിന്ദുക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശിവരാത്രിമഹോത്സവം, ഗുരുവായൂര്‍ ഏകാദശി, വിവിധ താലപ്പൊലികള്‍ എന്നിവയും ആഘോഷിക്കപ്പെടുന്നു. മുസ്ളീങ്ങളില്‍ സുന്നി, മുജാഹിദ് എന്നീ പ്രമുഖ സംഘടനകളും ഒറ്റപ്പെട്ട ജമാഅത്ത്, ത്വരീഖത്ത്, തബ്ലീഗ് പ്രസ്ഥാനക്കാരും ഉണ്ട്. ഹിന്ദുക്കളില്‍ നമ്പൂതിരി, വാരിയര്‍, എമ്പ്രാന്തിരി, നമ്പീശന്‍, പണിക്കര്‍, നായര്‍, വില്‍കുറുപ്പ്, തിയ്യര്‍, കുംഭരാന്‍, പെരുമണ്ണാന്‍, കൊല്ലന്‍, ആശാരി, തട്ടാന്‍, വേലന്‍, കണക്കന്‍, കള്ളാടി, ചെറുമന്‍, പറയന്‍ എന്നീ വിഭാഗങ്ങളുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ റോമന്‍കത്തോലിക്കര്‍, യക്കോബ വിഭാഗങ്ങളാണുളളത.്പുക്കൊളത്തൂരിലെ ഫീനിക്സ് ക്ളബിന്് 1994ലെ ഏറ്റവും നല്ല ക്ളബിനുള്ള ദേശീയ അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റവും നല്ല ക്ളബിനുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മദ്രസ്സകളുടെ വാര്‍ഷികയോഗങ്ങളിലും നബിദിന പരിപാടികളിലും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉത്സവങ്ങളിലും നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. ദഫ്മുട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, ചവിട്ടുകളി, പൂരംകളി, ചെറുമക്കളി, പടകളി തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. കാളപൂട്ടുമത്സരം പഞ്ചായത്തിലെ ഒരു ജനകീയ വിനോദമാണ്.ചിരട്ടകൊണ്ടുള്ള കരകൌശലവസ്തുക്കള്‍ ചിലസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്നു. ഇലക്ട്രോണിക്സുമായി ബന്ധിപ്പിച്ച് ചിരട്ടയെ ആധുനിക ജീവിതമേഖലയിലേക്കെത്തിച്ച ഒരു ശാസ്ത്രശാഖയും പഞ്ചായത്തില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. എസ്.സുപ്രസാദ് ചന്ദ്രപിള്ള എന്ന അധ്യാപകനാണ് ഇതിന്റെ ഉപജ്ഞാതാവ്. കായികരംഗം വളരെയധികം പോഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍, ക്രിക്കറ്റ് എന്നിവയ്ക്ക് എല്ലാ വാര്‍ഡുകളിലും ടീമുകളുണ്ട്. മാതൃഭൂമിയില്‍ സ്ഥിരമായി ഗ്രാമീണന്‍ എന്ന പേരില്‍ എഴുതിക്കൊണ്ടിരുന്ന തേലപ്പുറത്ത് നാരായണന്‍ നമ്പീശന്‍, ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടിരുന്ന സി.അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയ എഴുത്തുകാരും ഈ പഞ്ചായത്തിന്റെ സംഭാവനയാണ്. നവോത്ഥാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, താഴെ പറമ്പന്‍ മുഹമ്മദ് മുസ്ള്യാര്‍, അംശം മേനേലന്‍ കൂടിയായിരുന്ന വി.ഉണ്ണി മുഹമ്മദ്, സി.പി.കുഞ്ഞി മൊയ്തീന്‍ മൌലവി തുടങ്ങിയ വ്യക്തിത്വങ്ങള്‍ സ്മരിക്കപ്പെടേണ്ടവരാണ്.